സായുധ കലാപത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ തീവ്രവലതുപക്ഷ സംഘങ്ങൾ ഒരുങ്ങുന്നു; ജർമനിയിൽ വ്യാപക പൊലീസ് റെയ്ഡ്

ബർലിൻ: ജർമനിയിൽ വ്യാപക പൊലീസ് റെയ്ഡ്. സായുധ കലാപത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ തീവ്രവലതുപക്ഷ സംഘങ്ങൾ ഒരുങ്ങുന്നുവെന്ന സംശയത്തെ തുടർന്നാണ് പോലീസ് റെയ്ഡ് കർശനമാക്കിയത്. സ്വയം പ്രഖ്യാപിത പരമാധികാരിയും മുൻ ജഡ്ജിയും ഉൾപ്പെടെ നിരവധി ആളുകളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 25 പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഇവർ അട്ടിമറി നീക്കത്തെക്കുറിച്ച് റഷ്യൻ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ റഷ്യയുടെ പിന്തുണ ലഭിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. റഷ്യക്കാർ ഉൾപ്പെടെ മൂന്ന് വിദേശികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്.

130 കേന്ദ്രങ്ങളിലായി മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. സേനാ ബാരക്കുകളിലും പരിശോധന നടന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും അട്ടിമറി സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ വർഷം രൂപമെടുത്ത ഭീകരസംഘടന പാർലമെന്റ് ആക്രമിക്കാൻ തയാറെടുപ്പുകൾ നടത്തുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. 21,000 അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്. നിലവിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് 1871ലെ ജർമൻ സാമ്രാജ്യ മാതൃകയിൽ പുതിയ ഭരണകൂടം ഉണ്ടാക്കുകയാണ് ഈ ഭീകര സംഘടനയുടെ ലക്ഷ്യമെന്നാണ് പുറത്തു വരുന്ന വിവരം.