വീണ്ടും താമര; ഗുജറാത്തില്‍ കുതിച്ച് ബിജെപി; കിതച്ച് കോണ്‍ഗ്രസ്‌

ഗാന്ധിനഗര്‍: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്‌ബോള്‍ ഗുജറാത്തില്‍ ബിജെപി കുതിക്കുന്നു. 152 സീറ്റുകളുടെ ലീഡുമായാണ് ബി ജെ പി മുന്നേറുന്നത്. ബി ജെ പി അധികാര തുടര്‍ച്ച നേടുമെന്നും കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്ന് 21 സീറ്റുകള്‍വരെ നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

അതേസമയം, ഗുജറാത്തില്‍ 182 അംഗ നിയമസഭയിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 46 ശതമാനം വോട്ടുനേടി 129 മുതല്‍ 151 വരെ സീറ്റുകള്‍ ബി ജെ പി നേടുമെന്നായിരുന്നു ഇന്ത്യാ ടുഡേ മൈ ആക്സിസ് പ്രവചനം. ബി ജെ പി 148 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്‌ളിക് ടിവിയും 140 വരെ സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്സും പ്രചചിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ പത്ത് ശതമാനം വരെ കുറവുണ്ടാകും. ആം ആദ്മി പാര്‍ട്ടി പതിനഞ്ച് ശതമാനം വരെ സീറ്റുകള്‍ നേടുമെന്നുമായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം.

എന്നാല്‍, ആദ്യഫലങ്ങള്‍ പുറത്തുവരുമ്‌ബോള്‍ എക്സിറ്റ് പോളുകളുടെ പ്രചനങ്ങള്‍ ബി ജെ പി കടത്തിവെട്ടുകയാണ്. കോണ്‍ഗ്രസ് 19 സീറ്റുകളിലേക്കായി ചുരുങ്ങി. അതേസമയം, ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത ആം ആദ്മിയ്ക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. 182 ഒബ്‌സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത്.