പിപിഇ കിറ്റ് അഴിമതി ആരോപണം: കെ.കെ ശൈലജക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവ്. ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ ലോകായുക്ത നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

500 രൂപ വിലയുള്ള പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് 3 ഇരട്ടി ഉയര്‍ന്ന നിരക്കിലാണെന്ന് ആരോപിച്ച് കെ.കെ. ശൈലജ, രാജന്‍ ഖൊബ്രഗഡെ എന്നിവരടക്കം 11 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയക്കുകയായിരുന്നു.

അതേസമയം, അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്നു നേരെത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. 2020 മാര്‍ച്ച് 30 നാണ് ഒരു കിറ്റിന് 1,550 രൂപ എന്ന നിരക്കില്‍ സാന്‍ഫാര്‍മയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ 50,000 പി പി ഇ കിറ്റുകള്‍ വാങ്ങിയത്.