ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാം; നിലപാട് അറിയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റുന്നതിൽ പ്രതികരണവുമായി യുഡിഎഫ്. ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാമെന്ന് യുഡിഎഫ് വ്യക്തമാക്കി. ചാൻസലർ ബില്ലിനെ എതിർത്തെങ്കിലും ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.

മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവർണറെ ശക്തമായി എതിർക്കാൻ യുഡിഎഫ് തീരുമാനിച്ചത്. മുസ്ലീം ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തിൽ നിയമപ്രശ്‌നങ്ങളുണ്ടെന്നാണ് പ്രതിപക്ഷം നിയമസഭയിൽ വ്യക്തമാക്കിയത്.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. നിയമ മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിൽ ഒരുപാട് നിയമ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വ ിഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കിയത്.