എന്താണ് ഇ റുപ്പീ; നേട്ടങ്ങൾ ഇവയെല്ലാം

ഇനി ഡിജിറ്റൽ കറൻസിയുടെ കാലമാണ്. റിസർവ് ബാങ്കിന്റെ പിന്തുണയോടെ പുറത്തിറക്കുന്ന ഡിജിറ്റൽ പണമൂല്യമാണ് ഇ റുപ്പീ അഥവാ സിബിഡിസി. ഈ സാമ്പത്തിക വർഷം തന്നെ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടു തരം ഡിജിറ്റൽ കറൻസി ഇറക്കാനാണ് ആർബിഐ തീരുമാനിച്ചിട്ടുള്ളത്. വലിയ ഇടപാടുകൾക്കുള്ള ഹോൾസെയിൽ ഡിജിറ്റൽ കറൻസിയും സാധാരണ വിനിമയത്തിനുള്ള റീട്ടെയിൽ ഡിജിറ്റൽ കറൻസിയുമാണ് ആർബിഐ പുറത്തിറക്കുന്നത്.

വൻകിട ഇടപാടുകൾക്കും വൻകിട വ്യാപാരങ്ങൾ സംബന്ധിച്ചുള്ള പണമിടപാടുകൾക്കും വേണ്ടിയുള്ളതാണ് ഹോൾസെയിൽ ഡിജിറ്റൽ കറൻസി. ബോണ്ട് മാർക്കറ്റ് പോലുള്ള ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടപാടുകൾ പോലുള്ളവ ആയിരിക്കും ഹോൾസെയിൽ ഡിജിറ്റൽ കറൻസി. സർക്കാരുകൾ തമ്മിലുള്ളതും സർക്കാരും ബിസിനസും തമ്മിലുള്ളതും, ബിസിനസുകൾ തമ്മിലുമുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കാണ് ഇത് ഉപയോഗിക്കുക.

റീട്ടെയിൽ ഡിജിറ്റൽ കറൻസി വ്യക്തിഗത ഇടപാടുകാർക്ക് വേണ്ടിയുള്ളതാണ്. വ്യക്തികൾ തമ്മിൽ കൈമാറുന്നതോ ഒരു വ്യക്തിയിൽ നിന്ന് കടകളിൽ കൊടുക്കുന്നതോ ആയ പണമിടപാടാണ് റീട്ടെയിൽ ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. നിയമപരമായ പിന്തുണയും മൂല്യത്തിന്റെ ആർബിഐ ഗ്യാരണ്ടിയും ഉള്ളതിനാൽ ലോഹനാണയത്തുട്ടുകൾ പോലെയോ കടലാസ് കറൻസി പോലെയോ ഉപയോഗിക്കാം.

ഡിജിറ്റൽ കറൻസി വരുന്നതോടെ ഡിജിറ്റൽ പണമിടപാടിന്റെ വേഗത വർധിക്കും. യുപിഐ വന്നതിന് ശേഷമുള്ള പണമിടപാടിൽ നിന്ന് വേഗത്തിൽ തന്നെ ഡിജിറ്റൽ കറൻസി വഴി പണം കൈമാറാൻ സാധിക്കും.

കറൻസി അച്ചടിക്കുന്നതിനായി ഒരു വർഷം 5000 കോടി രൂപ വരെ ആർബിഐ ചെലവഴിക്കുന്നുണ്ട്. എന്നാൽ ഡിജിറ്റൽ കറൻസി എത്തുന്നതോടെ പേപ്പർ കറൻസിയും നാണയത്തുട്ടുകളും ഇറക്കുന്നതിനുള്ള ചെലവ് ഒരു പരിധിവരെ കുറയ്ക്കും. കടലാസ് നാണയ കറൻസിയുടെ ഉപയോഗം ഉടനെ പൂർണമായും മാറ്റാൻ സാധിക്കില്ലെങ്കിലും, ഭൗതിക രൂപമുള്ള കറൻസിയുടെ ഉപയോഗം കുറയ്ക്കാനും ഇതിലൂടെ അച്ചടിക്കുന്നതിന്റെ ചെലവ് ഓരോ വർഷം പിന്നിടുംതോറും കുറയ്ക്കാനും സാധിക്കുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.