ഈ ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുതേ….

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇന്ന് വിരളമാണ്. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ, ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്ന കാര്യം പലർക്കും അറിയില്ല. ഏതൊക്കെ ഭക്ഷണങ്ങളാണ് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.

വാഴപ്പഴം

വാഴപ്പഴം ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. വാഴപ്പഴത്തിന് എപ്പോഴും മുറിയിലെ താപനിലയാണ് അനുയോജ്യം. ഊഷ്മളമായ താപനില വാഴപ്പഴം പാകമാകാൻ സഹായിക്കുന്നു. വെളിച്ചവും വായുവും ക്ഷയിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും.

കാപ്പിപ്പൊടി

കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്റെ മണവും ഗുണവും നഷ്ടപ്പെടും. കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഫ്രിഡ്ജിലെ മറ്റ് ആഹാരങ്ങളിലും കാപ്പിപ്പൊടിയുടെ ഗന്ധം ഉണ്ടാകും. നേരിട്ട് സൂര്യപ്രകാശം എത്താത്ത ഇരുണ്ട ഇടങ്ങളിലായിരിക്കണം കാപ്പിപ്പൊടി സൂക്ഷിക്കേണ്ടത്.

സവാള

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണ വസ്തുവാണ് സവാള. അധികം ചൂട് കടക്കാത്ത ഇരുണ്ട ഇടങ്ങളിൽ സവാള സൂക്ഷിക്കുന്നതാണ് ഉത്തമം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒട്ടു നല്ലതല്ല. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയും. സൂര്യപ്രകാശം അധികം കടന്നു വരാത്ത സ്ഥലങ്ങളിലായിരിക്കണം ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത്.

തേൻ

തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നല്ലതല്ല. തേൻ ഫ്രിഡ്ജിൽ വെയ്ക്കുമ്പോൾ ഇത് കട്ടപിടിക്കും.

എണ്ണ

ഒരു തരത്തിലുള്ള എണ്ണയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. എണ്ണ സൂക്ഷിക്കാൻ ഉത്തമം സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ്. എണ്ണ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇത് കട്ടപിടിച്ച് പോകും.