‘അഭിനയമായിരുന്നു കഠിനം, ദൈവ കോലം കെട്ടിയ ശേഷം കരിക്ക് മാത്രമാണ് കുടിച്ചത്’: റിഷബ് ഷെട്ടി

സെപ്റ്റംബര്‍ 30നാണ് കാന്താര റിലീസ് ചെയ്തത്. ‘കാന്താര’ക്കായി നടത്തിയ പ്രയത്‌നങ്ങളില്‍ അഭിനയമായിരുന്നു ഏറ്റവും കഠിനമെന്ന് റിഷബ് ഷെട്ടി പറയുന്നു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ദൈവകോലമായുള്ള സീക്വന്‍സിനായി നേരത്തെ പ്രയത്‌നങ്ങള്‍ തുടങ്ങി. താന്‍ തളര്‍ന്നിരുന്നാല്‍ കൂടെയുള്ളവരെ അത് ബാധിക്കുമെന്നതിനാല്‍ ഓരോ തവണയും മുന്നോട്ട് പോയിരുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ചോദിക്കുമ്‌ബോള്‍ മാത്രമാണ് ആ ദിനങ്ങള്‍ കഠിനമായിരുന്നു എന്ന് ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാന്താരയ്ക്കായുള്ള എഴുത്തും, സംവിധാനവും, അഭിനയവുമായി താരതമ്യപ്പെടുത്തിയാല്‍ തീര്‍ച്ചയായും അഭിനയമായിരുന്നു കഠിനം. ആക്ഷന്‍ സീക്വന്‍സുകള്‍ക്കായായിരുന്നു ബുദ്ധിമുട്ടിയത്. ദൈവ കോലമായുള്ള സീക്വന്‍സിനായി 50 -60 കിലോ ഭാരം ദേഹത്ത് വഹിക്കേണ്ടതായി വന്നിട്ടുണ്ട്. ആ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിന് 20 – 30 ദിവസങ്ങള്‍ക്ക് മുന്‍പേ ഞാന്‍ മാംസാഹാരം കഴിക്കുന്നത് നിര്‍ത്തി. ദൈവ കോലം കെട്ടിയ ശേഷം കരിക്ക് വെള്ളം മാത്രമാണ് കുടിച്ചത്, മറ്റൊന്നും കഴിക്കില്ല. സീക്വന്‍സിന് മുന്‍പും ശേഷവും അവര്‍ എനിക്ക് പ്രസാദം തരുമായിരുന്നു. അവസാനമാകുമ്‌ബോഴേയ്ക്കും ഞാന്‍ തളരും. എന്നാലും ഞാന്‍ എഴുന്നേല്‍ക്കും, അല്ലാത്ത പക്ഷം ചുറ്റുമുള്ളവരുടേയും ഊര്‍ജ്ജം കുറയും. ഷൂട്ടിങ്ങിനിടയില്‍ ഈ ബുദ്ധിമുട്ടുകളേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങള്‍ അതേക്കുറിച്ച് ചോദിക്കുമ്‌ബോഴാണ് ഞാനിത് ഓര്‍ത്ത് സംസാരിക്കുന്നത്. തീച്ചൂള കൊണ്ട് അടിക്കുന്ന രംഗം യഥാര്‍ത്ഥമായിരുന്നു. എനിക്ക് പുറത്ത് പൊള്ളലേറ്റു. അതിന്റെ വേദനയേക്കാള്‍ എനിക്കത് ചെയ്യാനുള്ള ആഗ്രഹമായിരുന്നു വലുത്’- റിഷഭ് ഷെട്ടി വ്യക്തമാക്കി.

ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ്, കൃത്യമായി സ്‌ക്രിപ്റ്റ് എഴുതി ചിത്രീകരിക്കുകയായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നോ രണ്ടോ വരിയില്‍ എഴുതിയിരുന്ന ദേവ കോലമായുള്ള സീക്വന്‍സില്‍ ചിത്രീകരണം എങ്ങനെ പോകുമെന്ന് ആര്‍ക്കും അറിയില്ല. മനസില്‍ ഉള്ള വിഷ്വലുകളെ ഛായാഗ്രാഹകനും ഫൈറ്റ് മാസ്റ്റര്‍ക്കും വിശദീകരിച്ച് നല്‍കി, പരമ്ബരാഗത സംഗീതം കേട്ടുകൊണ്ട് ചിത്രീകരിക്കുകയായിരുന്നെന്നും റിഷബ് ഷെട്ടി പറഞ്ഞു.

ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ റിഷബ് ഷെട്ടിക്ക് പുറമെ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.