ഓണസദ്യയില്‍ തുപ്പിയതിന് വിദ്യാര്‍ഥികളെ അടിച്ച സംഭവം; തെറ്റുകള്‍ തിരുത്താന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ടെന്ന് കോടതി

കൊച്ചി: ഓണസദ്യയില്‍ തുപ്പിയ വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാന അധ്യാപികക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അധ്യാപികക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി കോടതി. വിദ്യാര്‍ത്ഥികളുടെ തെറ്റ് തിരുത്താന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ സംസ്‌കാരം അധ്യാപകരെ മാതാപിതാക്കള്‍ക്കു തുല്യമായാണ് കാണുന്നത്. വിദ്യാര്‍ഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകര്‍ക്കുണ്ട്. അത് അവരുടെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു.

സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തിനിടയില്‍ സ്‌കൂളിലെ ഒന്നാം നിലയില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ താഴെ വെച്ചിരുന്ന ഓണസദ്യയിലേക്കു തുപ്പിയെന്ന ആരോപണത്തിലായിരുന്നു വടക്കേക്കര ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ പ്രധാന അധ്യാപിക ഐഡ ലോപ്പസ് കുട്ടികളെ തല്ലിയത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ കുട്ടികളെ അധ്യാപിക ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കളില്‍ ഒരാള്‍ അധ്യാപികയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ തല്ലിയതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കുട്ടികളെ വെയിലത്ത് നിര്‍ത്തുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍, അധ്യാപകര്‍ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് ഹര്‍ജി പരിഗണിച്ചത്.