ക്ലീന്‍ ഇന്‍ഡോര്‍! തുടര്‍ച്ചയായി ആറാം തവണയും രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി ഇന്‍ഡോര്‍

തുടര്‍ച്ചയായി ആറാം തവണയും രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍. നഗരത്തെ ശുചിയായി സൂക്ഷിക്കാന്‍ പ്രത്യേകം ഷിഫ്റ്റുകളിലായി 8,500-ഓളം ശുചീകരണ തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെയും ഭരണകൂടത്തിന്റെയും പരിശ്രമത്തിന്റെ ഫലമാണ് നഗരത്തെ ഇത്തരത്തില്‍ വൃത്തിയുള്ളതാക്കി മാറ്റിയത്.

35 ലക്ഷം ജസംഖ്യയുള്ള ഇന്‍ഡോര്‍ നഗരത്തില്‍ 1,900 ടണ്‍ മാലിന്യമാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇവ ആറ് വിഭാഗങ്ങളിലായി വേര്‍തിരിച്ച് മാലിന്യ പ്ലാന്റില്‍ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. 17,000 മുതല്‍ 18,000 കിലോ ബയോ സിഎന്‍ജിയും 10 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാന്‍ പ്ലാന്റിന് കഴിയും. ഇത്തരത്തില്‍ ബയോ സിഎന്‍ജി ഉപയോഗിച്ച് 150-ഓളം സിറ്റി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.

അതേസമയം, മാലിന്യ സംസ്‌കരണത്തിലൂടെ 14.45 കോടി രൂപ വരുമാനമാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇന്‍ഡോര്‍ മുന്‍സിപ്പാലിറ്റി നേടിയത്. ഇതില്‍ 8.5 കോടി രൂപ അന്താരാഷ്ട്ര വിപണിയില്‍ കാര്‍ബണ്‍ ക്രെഡിറ്റ് വില്‍പ്പനയിലൂടെ ലഭിച്ചതാണ്. വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.