ഉത്തരേന്ത്യൻ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങളാണ് അവിടെനിന്നുള്ള തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നതിന്റെ അടിസ്ഥാനം; എം എം മണി

മല്ലപ്പള്ളി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തൊഴിലാളികൾ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി മുൻമന്ത്രിയും സിപിഎംനേതാവുമായ എം എം മണി. ഉത്തരേന്ത്യൻ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങളുടെ ഫലമാണ് അവിടെനിന്നുള്ള തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നതിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. കേരള കർഷകസംഘം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അവിടെല്ലാം വേലയും കൂലിയും ഇല്ലാത്ത സ്ഥിതിയായി. അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. ഇവിടെ അതിഥി തൊഴിലാളികൾ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവരെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയിൽ നിന്നെത്തുന്ന തൊഴിലാളികൾക്ക് കേരളത്തിൽ മാന്യമായ വേതനവും പെരുമാറ്റവും ലഭിക്കുന്നു. ഇടുക്കിയിൽ പണിക്ക് വരുന്നവർ പലരും വിമാനത്തിലാണ് എത്തുന്നത്. സംഘം ചേർന്ന് വണ്ടി വിളിച്ച് വരുന്നവരുമുണ്ട്. കേരളം ഇങ്ങനെ ദശലക്ഷക്കണക്കിന് ആളുകളുടെ ഗൾഫ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അവരുടെ വരവിൽ ചില കുഴപ്പങ്ങളുമുണ്ട്. മലയാളികൾ ഒരു പണിയുമെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുകയാണെന്നും എം എം മണി കൂട്ടിച്ചേർത്തു.