എൻഐഎ റെയ്ഡ്; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യം

കൊച്ചി: ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡിനെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരെയാണ് റിമാൻഡ് കാലാവധി. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ 11 പ്രതികളെയും കൊച്ചി എൻഐഎ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രതികളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ അറിയിച്ചു. അതിസുരക്ഷാ ജയിലിൽ സെല്ലുകൾക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രത്യേക അപേക്ഷ നൽകിയാൽ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അതിനായി എൻഐഎ കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കും.

അതേസമയം, അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യാൻ വിട്ടു കിട്ടുന്നതിന് എൻഐഎ അപേക്ഷ നൽകിയിട്ടുണ്ട്. റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ മിറർ ഇമേജുകൾ ഇനിയും ലഭിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുക, യുവാക്കളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കുക, സമൂഹത്തിന്റെ ഐകൃത്തിനെതിരായി പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.