എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്കുവേണ്ടി സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കും: വീണാ ജോർജ്

കൊച്ചി: ജോലി, പഠനം, ഇന്റർവ്യൂ തുടങ്ങിയ വിവിധ കാര്യങ്ങൾക്ക് നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസം കിട്ടുമോയെന്ന ആശങ്ക പലർക്കുമുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് വനിത ശിശു വികസന വകുപ്പ്. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സുരക്ഷിത താമസം ഒരുക്കുന്ന എന്റെ കൂട് പദ്ധതി ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന മെട്രോ നഗരമായ കൊച്ചിയിൽ സജ്ജം. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്കുവേണ്ടി സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കായി ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമെത്തി രാത്രി വൈകി തിരിച്ചുപോകാൻ സാധിക്കാത്തവർക്കാണ് പ്രധാനമായും പദ്ധതി പ്രയോജനപ്പെടുക. വനിതാ – ശിശു വികസന കോർപ്പറേഷന്റെ ഹോസ്റ്റലുകളിലും ഇത്തരം താത്കാലിക താമസ സൗകര്യമൊരുക്കുന്നുണ്ട്. സ്ത്രീകൾക്കായുള്ള ‘എന്റെ കൂട്’ സുരക്ഷിത താമസ കേന്ദ്രങ്ങളിലേക്കും വനിതാ വികസന കോർപ്പറേഷന്റെ ഹോസ്റ്റലുകളിലേക്കും സ്ത്രീകൾക്ക് സുരക്ഷിതമായി എത്തുന്നതിന് സ്ത്രീകൾ ഓടിക്കുന്ന ടാക്‌സികളെയും പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹോസ്റ്റലുകളുടെ പ്രവർത്തനത്തിനായി മൊബൈൽ ആപ്പ് തയാറാക്കിയിട്ടുണ്ട്. ഓരോ സ്ഥലത്തെയും ഹോസ്റ്റലുകളുടെ വിവരങ്ങൾ ആപ്പിൽ നിന്ന് മനസിലാക്കാം. താമസത്തിന് ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും ചെയ്യാം. എന്റെ കൂട് പദ്ധതിയെയും ആപ്പിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ആപ്പിൽ നോക്കി ബെഡിന്റെ ലഭ്യത, സൗകര്യങ്ങൾ തുടങ്ങിയവ മനസിലാക്കുന്നതിന് കഴിയുമെന്നും വീണാ ജോർജ് വിശദമാക്കി.

വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ സംസ്ഥാനത്ത് 133 ബെഡുകളാണുള്ളത്. ഹോസ്റ്റലുകളില്ലാത്ത സ്ഥലങ്ങളിലും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഹോസ്റ്റലുകൾ സ്ഥാപിക്കും. അടുത്ത മാസം വനിതാ വികസന കോർപ്പറേഷന്റെ 100 ബെഡുള്ള ഹോസ്റ്റൽ കാക്കനാട് പ്രവർത്തനമാരംഭിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.