നിരുപാധികം മാപ്പ് ചോദിക്കുന്നു; പ്രകടന പത്രികയിലെ ഭൂപടം വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പ്രകടന പത്രികയിലെ ഭൂപടം വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി ശശി തരൂർ എംപി. വിഷയത്തിൽ നിരുപാധികം മാപ്പ് ചോദിച്ചാണ് ശശി തരൂർ രംഗത്തെത്തിയത്. വോളണ്ടിയർമാരുടെ ഒരു ചെറിയ സംഘം തെറ്റു ചെയ്തുവെന്നും തങ്ങൾ അത് ഉടനെ തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. പിശകിന് നിരുപാധികം മാപ്പ് ചോദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങൾ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂരിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം പുറത്തിറക്കിയ തിങ്ക് ടുമാറോ, തിങ്ക് തരൂർ എന്ന പ്രകടന പത്രികയിൽ കോൺഗ്രസ് യൂണിറ്റുകൾ പ്രതിനിധീകരിച്ച് പോയിന്റുകളിൽ ചിത്രികരിച്ച ഭൂപടമാണ് വിവാദത്തിലായത്. പിശക് പറ്റിയെന്ന് മനസിലായതോടെ ഇന്ത്യയുടെ പൂർണ ഭൂപടം പ്രകടന പത്രികയിൽ ഉൾപ്പെടുത്തി.

അതേസമയം, ഗുരുതരമായ തെറ്റ് ശശി തരൂരും സംഘവും പരിഹരിക്കുമെന്നായിരുന്നു കോൺഗ്രസ് വക്താവ് ജയ്‌റാം രമേശിന്റെ പ്രതികരണം.