ഉത്തർപ്രദേശിലെ മദ്രസകളുടെ സമയക്രമത്തിൽ മാറ്റം; എല്ലാ ദിവസവും രാവിലെ ദേശീയ ഗാനം ആലപിക്കണമെന്നും ഉത്തരവ്

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ സമയക്രമത്തിൽ മാറ്റം. രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് വരെയാണ് പുതുക്കിയ പ്രവർത്തന സമയം. പകൽ ഒമ്പത് മുതൽ വൈകുന്നേരം രണ്ട് മണി വരെയായിരുന്ന മദ്രസകളുടെ പ്രവർത്തന സമയമാണ് മാറ്റിയത്. എല്ലാ ദിവസവും രാവിലെ ദേശീയ ഗാനം ആലപിക്കണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശം നൽകി.

രാവിലെ 9 മണിയ്ക്ക് പ്രാർത്ഥനയും പിന്നീട് ദേശീയ ഗാനാലാപനവും നടക്കും. പിന്നീട് 9.20 മുതൽ ഉച്ചയ്ക്ക് 12 വരെയും ഇടവേളയ്ക്ക് ശേഷം 12.30 മുതൽ മൂന്ന് മണി വരെയും പഠനം തുടരും.

അറബി, ഉറുദു, പേർഷ്യൻ എന്നിവയ്ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഇഫ്തിക്കർ അഹമ്മദ് ജാവേദാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിലെ എല്ലാ മദ്രസകളും പുതുക്കിയ സമയക്രമം നടപ്പിലാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.