വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നവര്‍ക്ക് നോട്ടിഫിക്കേഷനുമായി ഗൂഗിള്‍

പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍. വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കാനാണ് ഗൂഗിളിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്യുന്നതിനായി റിസള്‍ട്ട്‌സ് എബൗട്ട് യു ടൂള്‍ ആണ് അവതരിപ്പിക്കുക. ഇതോടെ, ഫോണ്‍ നമ്ബര്‍, ഇമെയില്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. നിലവില്‍, ഗൂഗിള്‍ സപ്പോര്‍ട്ട് ടീമിന്റെ സഹായത്തോടു കൂടി മാത്രമാണ് ഇത്തരം വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുക.

സെര്‍ച്ചില്‍ വ്യക്തിഗത വിവരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ തന്നെ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ മുഖാന്തരം ഉപയോക്താക്കളെ അറിയിക്കും. ഇതോടെ, റിസള്‍ട്ട്‌സ് എബൗട്ട് യു ടൂളില്‍ വലത്തേ അറ്റത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്തതിനുശേഷം റിമൂവ് ഓപ്ഷന്‍ നല്‍കാന്‍ സാധിക്കും. അതേസമയം, വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ സാധിക്കുമെങ്കിലും, ടൂള്‍ ഉപയോഗിച്ച് റിമൂവ് ചെയ്ത വിവരങ്ങള്‍ വെബില്‍ നിന്ന് പോകില്ലെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.