തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു; രാഷ്ട്രപതി

ന്യൂഡൽഹി: തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഒരു മുൻനിര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. വിവിധ മേഖലകളിലെ ഇന്ത്യയുടെ നേതൃത്വം വെല്ലുവിളികളില്ലാത്തതായി മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ശക്തമായ സ്ഥാനം രാജ്യത്തെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഇന്ത്യൻ ഫോറിൻ സർവീസിലെ (2021 ബാച്ച്) ഓഫീസർ ട്രെയിനികളുടെ സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ദ്രൗപതി മുർമുവിന്റെ പരാമർശം.

കോവിഡ് വൈറസ് എന്ന മഹാമാരിയെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങളെ മറികടക്കാൻ ലോകത്തെ മുൻനിര സമ്പദ് വ്യവസ്ഥകൾ ഇപ്പോഴും ശ്രമിക്കുമ്പോൾ, ഇന്ത്യ വീണ്ടും എഴുന്നേറ്റു മുന്നേറാൻ ആരംഭിച്ചു. തത്ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗ വളർച്ചാ നിരക്കുകളിലൊന്ന് രേഖപ്പെടുത്തുന്നു. ആഗോള സാമ്പത്തിക വീണ്ടെടുപ്പിൽ ഒരു പരിധി വരെ ഇന്ത്യയെ ആശ്രയിക്കേണ്ടി വരും. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. പുതിയ ആത്മവിശ്വാസത്തോടെ ഇന്ത്യ ലോക വേദിയിൽ ഉയർന്നുവന്നിരിക്കുന്ന സമയത്ത് വിദേശ സർവീസിൽ കരിയർ ആരംഭിക്കുന്നതിനാൽ ഓഫീസർ ട്രെയിനികൾക്ക് ഇത് കൂടുതൽ ആവേശകരമാകുമെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.