ബഫര്‍ സോണ്‍: രണ്ട് ദേശീയോദ്യാനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ബഫര്‍ സോണില്‍ സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്‌ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവക്ക് ഇളവ് പ്രഖ്യാപിച്ചു. സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം തടഞ്ഞിരുന്നു. സുപ്രീംകോടതി വിധിയില്‍ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, പുതിയതായി രണ്ട് പ്രദേശങ്ങളെയും ഒഴിവാക്കിയ കോടതി വിധിയുടെ ആനുകൂല്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് നിയമവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. വിധിയിലെ നിര്‍ദ്ദേശ പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിനായി ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.