മത്സരിക്കാനില്ല; വിമത നീക്കത്തില്‍ ക്ഷമാപണവുമായി ഗെഹ്ലോട്ട്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ല. രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ സോണിയയോട് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്’- ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് താന്‍ അല്ല അത് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അധ്യക്ഷസ്ഥാനത്തേക്ക് ഗെഹ്ലോട്ടിന്റെ പേര് ഉയര്‍ന്നതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വിമതരുടെ കലഹം ഉണ്ടായത്.