പോപ്പുലര്‍ ഫ്രണ്ട് നിരോധനം; 17 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം. അഞ്ച് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ സ്വാധീനമുള്ള മേഖലയില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. പിഎഫ്‌ഐ സ്വത്തുക്കള്‍ കണ്ടുകെട്ടാനും യു എ പി എ സെക്ഷന്‍ 42 അനുസരിച്ച് നടപടിയെടുക്കാനും കളക്ടര്‍മാര്‍ക്കും പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സാമൂഹിക മാധ്യമങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിഎഫ്‌ഐയുമായി ബന്ധമുള്ള മറ്റ് സംഘടനകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി, ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തി, വിദേശ ഫണ്ട് സ്വീകരിച്ചു ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ അനുബന്ധ സംഘടനകള്‍ക്കും അഞ്ച്വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.