ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വൈവാഹിക ബലാത്സംഗത്തിന് ആദ്യത്തെ നിയമപരമായ ഉത്തരവാണിത്. അവിവാഹിതരായ സ്ത്രീകള്‍ക്ക് പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്നുണ്ടാകുന്ന 24 ആഴ്ച്ചവരെയുള്ള ഗര്‍ഭധാരണംഅലസിപ്പിക്കാന്‍ അവകാശമുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ‘സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ട്. MTP യുടെ വ്യാഖ്യാനം സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. വിവാഹിതയെന്നോ അവിവാഹിതയെന്നോ ഉള്ള വേര്‍തിരിവ് ഭരണഘടനാവിരുദ്ധമാണ്. എംടിപി നിയമപ്രകാരം ഭര്‍ത്താവില്‍ നിന്നുണ്ടാകുന്ന ലൈംഗികാതിക്രമവും ബലാത്സംഗത്തിന്റെ പരിധിയില്‍ പെടും’- കോടതി നിരീക്ഷിച്ചു.
23 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25 കാരിയായ അവിവാഹിതയായ സ്ത്രീ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. പങ്കാളി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

