കാര്യവട്ടത്തെ ട്വന്റി-20; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം, 16.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ഫോമിലേക്ക് മടങ്ങിയെത്തിയ കെ എല്‍ രാഹുലും മികച്ച ഫോമില്‍ തുടരുന്ന സൂര്യകുമാര്‍ യാദവും നേടിയ അപരാജിത അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. രാഹുല്‍ 51 റണ്‍സുമായും സൂര്യകുമാര്‍ യാദവ് 33 പന്തില്‍ 50 റണ്‍സുമായും പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും നിരാശപ്പെടുത്തി. റണ്ണൊഴുകും എന്ന പ്രവചിക്കപ്പെട്ടിരുന്ന ഗ്രീന്‍ഫീല്‍ഡിലെ പിച്ചില്‍, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം ശരിവെച്ച്, സന്ദര്‍ശകരെ ബൗളിംഗ് മികവ് കൊണ്ട് ശ്വാസം മുട്ടിച്ച ഇന്ത്യന്‍ പേസ് നിരയാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. 20 ഓവറില്‍ 8 വിക്കറ്റിന് 106 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചു കെട്ടിയത്.

3 വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ദീപക് ചഹാറും ഹര്‍ഷല്‍ പട്ടേലും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറില്‍ നിയന്ത്രിച്ചു നിര്‍ത്തിയത്. പവര്‍ പ്ലേയില്‍ കത്തിക്കയറിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തരിപ്പണമാക്കിയപ്പോള്‍, 41 റണ്‍സെടുത്ത ബൗളര്‍ കേശവ് മഹാരാജ് ആണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍ ആയത്.