പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച കേസ്; മുദ്രാവാക്യം എഴുതി പഠിപ്പിച്ചത് പിതാവ് തന്നെയെന്ന് കുറ്റപത്രം

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കുട്ടിയുടെ അച്ഛന്‍ എഴുതി തയാറാക്കിയ മുദ്യാവാക്യം കുട്ടിയെ പഠിപ്പിക്കുകയായിരുന്നെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. 34 പേരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസാണ് കേസിലെ ഒന്നാം പ്രതി.

അതേസമയം, കഴിഞ്ഞ മെയ് 21ന് ആലപ്പുഴയില്‍ നടന്ന റാലിക്കിടെ കുട്ടിയെ തോളിലിരുത്തി വിദ്വേഷമുദ്രാവാക്യം വിളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് കേസെടുത്തത്. ‘അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്’- ഇങ്ങനെയായിരുന്നു പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. ഹിന്ദു മതസ്ഥര്‍ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഉപയോഗിക്കുന്നത്.

എന്നാല്‍, സംഘടന നല്‍കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തില്‍ വിളിച്ചതായിരിക്കാമെന്നും ആയിരുന്നു ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസിന്റെ വിശദീകരണം. കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്‍ക്കെതിരെയല്ലെന്നും ആര്‍എസ്എസ്സിനെതിരാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.