പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പൊലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പൊലീസ് കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് അബ്ദുൽ സത്താറിനെ കസ്റ്റഡിയിലെടുത്തത്.

കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത അബ്ദുൽ സത്താറിനെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പിന്നീട് കൊല്ലം പൊലീസ് ക്ലബ്ബിലേക്കും മാറ്റി. ഉച്ചയ്ക്ക് 12.30ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറും. എൻഐഎ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാൾ ഒളിവിലാണെന്നും സൂചനയുണ്ടായിരുന്നു.

നിലവിൽ അബ്ദുൽ സത്താറിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. എൻഐഎ കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൾ സത്താർ. ഇയാളുടെ വീട്ടിലടക്കം എൻഐഎ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഈ സമയം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല.