മയക്കുമരുന്നിന് അടിമകളായിട്ടുള്ളവര്‍ സിനിമയില്‍ വേണ്ട; ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: അവതാരകയോട് അസഭ്യം പറഞ്ഞ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടന. ഇനി കുറച്ചുകാലത്തേക്ക് ശ്രീനാഥ് ഭാസിയുമായി സിനിമ ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

‘പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ് സെലിബ്രിറ്റികള്‍. തെറ്റുകളെല്ലാം ഭാസി അംഗീകരിച്ചു കഴിഞ്ഞു. എന്നാലും ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ശ്രീനാഥിന് നല്‍കും. മയക്കുമരുന്നിന് അടിമകളായിട്ടുള്ളവര്‍ സിനിമയില്‍ വേണമെന്ന് ഒരു താല്‍പര്യവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്ല. അത്തരക്കാരെ തുടച്ചു നീക്കുന്നതിന് എന്തു നടപടി എടുക്കാനും തയ്യാറാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് സിനിമാ ലൊക്കേഷനുകളില്‍ വന്നുള്ള പരിശോധനയുണ്ടാകണം എന്നുതന്നെയാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. അക്കാര്യത്തില്‍ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകും’- അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.