ട്വന്റി-20: ഇന്ത്യന്‍ ടീം വൈകിട്ട് കേരളത്തിലെത്തും

തിരുവനന്തപുരം: ട്വന്റി-20 മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്ന് വൈകിട്ട് 4.30 ഓടെ കേരളത്തില്‍ എത്തും. എതിര്‍ ടീമായ ദക്ഷിണാഫ്രിക്കന്‍ സംഘം ഇന്നലെ തിരുവനന്തത്ത് എത്തിയിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെ സംഘം പരിശീലനത്തിന് ഗ്രൗണ്ടില്‍ ഇറങ്ങും.

അതേസമയം, മൂന്ന് വര്‍ഷം മുമ്ബാണ് കേരളത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത്. അതിനാല്‍ തന്നെ ഇത്തവണത്തെ മത്സരം കേരളക്കരയിലെ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്.

മത്സരത്തിനായുള്ള 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. 1400 അപ്പര്‍ ടിയര്‍ ടിക്കറ്റുള്‍പ്പെടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക് 1500 രൂപയും പവലിയന് 2750 രൂപയുമാണ്. കുടാതെ കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയാണ് നിരക്കായി വരുന്നത്. ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് മൂന്ന് ടിക്കറ്റുവരെ എടുക്കാന്‍ സാധിക്കും. ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിച്ചതിന് ശേഷമെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുളളു.