സച്ചിൻ പൈലറ്റിനെ ഒരുതരത്തിലും അംഗീകരിക്കില്ല; വിമത നീക്കവുമായി അശോക് ഗെലോട്ടിനെ അനുകൂലിക്കുന്ന എംഎൽഎമാർ

ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനെതിരെ അശോക് ഗെലോട്ടിനെ അനുകൂലിക്കുന്ന എംഎൽഎമാർ. സച്ചിൻ പൈലറ്റിനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിയാക്കിയാൽ 80 എംഎൽഎമാർ രാജി വയ്ക്കുമെന്നുമാണ് ഗെലോട്ട് പക്ഷം അറിയിച്ചിട്ടുള്ളത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ കൂട്ടരാജിയെന്നാണ് എംഎൽഎമാർ വ്യക്തമാക്കുന്നത്. സ്പീക്കർ സി.പി. ജോഷിയെക്കണ്ട് രാജിക്കത്ത് നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്.

മുഖ്യമന്ത്രി ചർച്ച ഇപ്പോൾ വേണ്ടെന്നും അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച നടത്താമെന്നുമാണ് എംഎൽൽഎമാരുടെ നിലപാട്. നിയമസഭാ കക്ഷി യോഗത്തിന് സച്ചിൻ പൈലറ്റും അനുകൂലികളും ഗെലോട്ടിന്റെ വീട്ടിലെത്തിയെങ്കിലും ഗെലോട്ട് പക്ഷം എം.എൽ.എമാർ ശാന്തി ധരിവാളിന്റെ വീട്ടിൽ യോഗം ചേർന്നു. അശോക് ഗെലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവർ പ്രമേയം പാസാക്കുകയും ചെയ്തു. അതേസമയം, എംഎൽഎമാരുടെ നീക്കത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഗെലോട്ട് അറിയിച്ചിട്ടുള്ളത്.