കൊല്ലം തുറമുഖത്ത് എമിഗ്രേഷന്‍ പോയിന്റിനുള്ള നടപടികള്‍ വൈകുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കൊല്ലം പോര്‍ട്ടില്‍ എമിഗ്രേഷന്‍ പോയിന്റ് അനുവദിക്കാനുള്ള നടപടികള്‍ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. എമിഗ്രേഷന്‍ പോയിന്റിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമായതിന്റെ അടിസ്ഥാനത്തില്‍ ഫോറിന്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കൊല്ലം പോര്‍ട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെയും പരിശോധനകള്‍ വൈകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍.

അതേസമയം, കൊല്ലത്തേക്ക് ആഭ്യന്തര കപ്പലുകള്‍ എത്താത്തത് എമിഗ്രേഷന്‍ പോയിന്റ് ഇല്ലാത്തതിന്റെ പേരിലാണ്. കൊല്ലം പോര്‍ട്ട് അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍, വിദേശ കപ്പലുകള്‍ക്ക് ക്രൂ ചെയ്ഞ്ചിന് കൊല്ലം പോര്‍ട്ട് ഏറെ സൗകര്യപ്രദമാണ്. കൊല്ലത്ത് എമിഗ്രേഷന്‍ പോയിന്റില്ലാത്തതിനാല്‍ വിഴിഞ്ഞം പോര്‍ട്ട് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൂ ചെയ്ഞ്ചിംഗ് നടക്കുന്നത്. നിലവില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് എമിഗ്രേഷന്റെ താല്‍ക്കാലിക ചുമതല.

എന്നാല്‍, കൊല്ലം പോര്‍ട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് പല തവണ കത്തയച്ചിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്.