ഏകാഗ്രത വർദ്ധിപ്പിക്കാൻ ധ്യാനം; ആരോഗ്യ ഗുണങ്ങൾ അറിയാം

ഏകാഗ്രമായി ഒരേ വിഷയത്തിൽ തന്നെ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയെ ആണ് ധ്യാനം എന്ന് പറയുന്നത്. മാനസിക വിശ്രമത്തിന് ഏറ്റവും മികച്ച മാർഗമാണ് ധ്യാനം. നിരവധി പേർ ആത്മീയവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിനായി ധ്യാനം പരിശീലിക്കുന്നുണ്ട്.

ധ്യാനം എന്നത് സ്വയം അവബോധവും ശാക്തീകരണവുമാണ്. ധ്യാനം ഒരു ജീവിതരീതിയാണ്. ധ്യാനം ജീവിതശൈലിയുടെ ഒരു ഭാഗമാക്കുകയാണെങ്കിൽ ശാരീരികവും മാനസികവുമായി നിരവധി ഗുണങ്ങൾ ലഭിക്കും. ധ്യാനത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഏകാഗ്രത വർദ്ധിപ്പിക്കാൻ ധ്യാനം സഹായിക്കും. രക്തസമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയവ കുറയ്ക്കാനും ധ്യാനം ചെയ്യുന്നത് നല്ലതാണ്. പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നതിനും സ്‌ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുന്നതിനും ധ്യാനം വളരെ ഫലപ്രദമാണ്. അതിനാൽ ധ്യാനം ചെയ്യുന്നതോടെ സമ്മർദ്ദം കുറയും. ധ്യാനം മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു. ശരീരം മാത്രമല്ല ചിലപ്പോൾ നമ്മുടെ മനസും അതിവേഗം വാർധക്യത്തിലേക്ക് പോകാറുണ്ട്. ധ്യാനം മനസ് വാർധക്യത്തിലേക്ക് പോകുന്നതിൽ നിന്ന് തടയുന്നു. ബുദ്ധിശക്തി കുറയുന്നതിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും ധ്യാനം ചെയ്യുന്നത് നല്ലതാണ്.