വാഷിങ്ടണ്‍: മൂണ്‍ റ്റു മാര്‍സ് പദ്ധതിയുടെ പരിഷ്‌കരിച്ച രൂപരേഖ പുറത്തിറക്കി നാസ. വിവിധ അന്തര്‍ദേശീയ പങ്കാളികളുമായി സഹകരിച്ച് ഈ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് നാസയുടെ വിലയിരുത്തല്‍.
‘ഈ ലക്ഷ്യങ്ങള്‍ പ്രായോഗികവും അഭിലഷണീയവുമാണ്, ഞങ്ങളുടെ തൊഴില്‍ ശക്തി, വ്യവസായം, അന്തര്‍ദേശീയ പങ്കാളികള്‍ എന്നിവയുടെ സംഭാവനകളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, അവര്‍ ഞങ്ങളുടെ ഭാവി ഒരുമിച്ച് രൂപപ്പെടുത്തുന്നതില്‍ ഞങ്ങളോടൊപ്പം ചേരും’- നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പാം മെല്‍റോയ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, ബഹിരാകാശത്ത് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം മനുഷ്യരുടെ സ്ഥിരസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വയുള്‍പ്പെടെ സൗരയൂഥത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ദൗത്യങ്ങള്‍ വ്യാപിപ്പിക്കാനുമാണ് നാസയുടെ ലക്ഷ്യം. ബൃഹത്തായ പഠന ഗവേഷണ പദ്ധതികള്‍ ചന്ദ്രനില്‍ നടത്താനാണ് ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ നാസയുടെ നീക്കം. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി 2024 ല്‍ നാസ മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കുകയും 2025 ല്‍ ആര്‍ട്ടെമിസ് 3 വിക്ഷേപണത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുകയും ചെയ്യും.

