വഖഫ് ബോർഡ് അഴിമതിക്കേസ്; എഎപി എംഎൽഎ അറസ്റ്റിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുല്ല ഖാൻ അറസ്റ്റിൽ. അഴിമതിവിരുദ്ധ വിഭാഗമാണ് അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തത്. ഡൽഹി വഖഫ് ബോർഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച രാവിലെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡും നടന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് അറസ്റ്റ് ഉണ്ടായത്. 24 ലക്ഷം രൂപയും ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ച തോക്കും റെയ്ഡിൽ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

ഡൽഹി വഖഫ് ബോർഡ് ചെയർമാനായ അമാനത്തുല്ല ഖാൻ 32 പേരെ നിയമിച്ചതു ചട്ടലംഘനമാണെന്നും അത് അഴിമതിയും സ്വജനപക്ഷപാതവുമുള്ള നിയമനങ്ങളാണിതെന്നുമാണ് ലഭിച്ചിട്ടുള്ള പരാതി. വഖഫ് ബോർഡ് സിഇഒ ഈ അനധികൃത നിയമനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, റെയ്ഡ് നടക്കുമ്പോൾ അമാനത്തുല്ല ഖാന്റെ ബന്ധുക്കളും മറ്റു ചിലരും വീടിനു പുറത്തുവച്ച് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചതായും അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 2 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.