ദ്വിദിന സന്ദര്‍ശനത്തിനായി അമിത് ഷാ തെലങ്കാനയില്‍

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലങ്കാനയില്‍ എത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബന്ദി സഞ്ജയ്, പാര്‍ട്ടി ഭാരവാഹികള്‍, എം പിമാര്‍ തുടങ്ങിയ പ്രമുഖരുടെ യോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. കൂടാതെ കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി, തെലങ്കാനയുടെ ചുമതല വഹിക്കുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, പാര്‍ട്ടിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന നിര്‍ണ്ണായക യോഗമാകും നടക്കുകയെന്ന് അധ്യക്ഷന്‍ ബന്ദി സഞ്ജയ് അറിയിച്ചു. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ബിജെപി തീരുമാനം. അമിത് ഷായുടെ വരവ് തെലങ്കാനയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. ബിജെപി നേതാക്കളോടൊപ്പം സംസ്ഥാനത്തെ പ്രമുഖരുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായും ഷാ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത്ഷായുടെ കഴിഞ്ഞ മാസത്തെ സന്ദര്‍ശനത്തിന് മുന്നോടിയായി തെലങ്കാനയില്‍ കൊമതി റെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡി കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

തെലങ്കാനയുടെ വിമോചന ദിനാചരണത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന നിരവധി സേവന പ്രവര്‍ത്തങ്ങളിലും പങ്കെടുക്കും.