സിനിമയിൽ പറയുന്നത് തെറ്റായ കാര്യങ്ങൾ; നമ്പി നാരായണനെതിരെ മുൻ സഹപ്രവർത്തകർ

തിരുവനന്തപുരം: റോക്കട്രി ദ നമ്പി എഫക്റ്റ് എന്ന സിനിമയ്‌ക്കെതിരെ വിമർശനവുമായി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞർ. ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണനെ അറസ്റ്റ് ചെയ്തതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യ വൈകി എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് ഒപ്പമുണ്ടായിരുന്ന ശാസ്ത്രജ്ഞൻമാർ വ്യക്തമാക്കുന്നത്. സിനിമയിൽ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതികരണം. എൽപിഎസ്ഇ ഡയറക്ടറായിരുന്ന ഡോ മുത്തുനായകം, ക്രെയോ എഞ്ചിനീറിങ് ഡെപ്യൂട്ടി ഡയറക്ടർ ഡി ശശികുമാർ, ക്രയോ എൻജിൻ പ്രൊജക്ട് ഡയറക്ടർ ആയിരുന്നു പ്രൊ ഇവിഎസ് നമ്പൂതിരി തുടങ്ങി 9 പേർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ക്രയോജനിക് സാങ്കേതിക വിദ്യ വൈകി ഇന്ത്യയുടെ ആകാശ ദൗത്യങ്ങൾക്ക് തിരിച്ചടിയായത് ചാരക്കേസ് അറസ്റ്റോടെയാണെന്ന വാദം ഇവർ നിഷേധിച്ചു. എൺപതുകളുടെ പകുതിയിലാണ് ഐഎസ്ആർഒ ക്രയോജനിക് എൻജിനുണ്ടാക്കാൻ നടപടി ആരംഭിച്ചത്. ഇതിന്റെ ചുമതലയുണ്ടായിരുന്നത് ഇവിഎസ് നമ്പൂതിരിക്കായിരുന്നു. അക്കാലത്ത് നമ്പി നാരായണന് ഇതുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

സിനിമയിലും മാധ്യമങ്ങളിൽ വന്ന നമ്പിനാരായണന്റെ ജീവിത രേഖയിലും വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. ഐസ്ആർഒക്കും ശാസ്ത്ര ഗവേഷണങ്ങൾക്കായി ജീവിതം സമർപ്പിച്ചവർക്കും ആകെ അവമതിപ്പുണ്ടാക്കിയതിലെ അതൃപ്തിയും ഇവർ വാർത്താസമ്മേളനത്തിൽ പ്രകടിപ്പിച്ചു.