ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ ഇനി വിമാന കമ്പനികൾക്ക് തീരുമാനിക്കാം: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആഭ്യന്തര വിമാനനിരക്കിന് ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞ് കേന്ദ്ര സർക്കാർ. ഇതോടെ ഇനി ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ ഇനി വിമാന കമ്പനികൾക്ക് തീരുമാനിക്കാം. ഓഗസ്റ്റ് 31 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ആഭ്യന്തര സർവ്വീസുകളിലെ വിമാനനിരക്ക് പരിധി ഓഗസ്റ്റ് 31 മുതൽ എടുത്തുകളയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വിമാനനിരക്ക് പരിധി സംബന്ധിച്ച് വിമാനക്കമ്പനികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അതേസമയം, വിമാന ഇന്ധനത്തിന്റെ പ്രതിദിന ആവശ്യകതയും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്ക് പരിധി ഒഴിവാക്കാനുള്ള തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ അറിയിച്ചു. സമീപഭാവിയിൽ ആഭ്യന്തര യാത്രകളുടെ വളർച്ച മേഖലയിലുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.