‘സീതാരാമം’ യു.എ.ഇയില്‍ റിലീസിന്‌

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാരാമം കേരളത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അതേസമയം, ചിത്രം ഇന്ന് യു.എ.ഇയില്‍ റിലീസിനെത്തി. ദുല്‍ഖര്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

ആഗസ്റ്റ് അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ആഗോള ബോക്‌സ് ഓഫിസില്‍ കോടികള്‍ സ്വന്തമാക്കാനും ചിത്രത്തിനായി. 1960കളില്‍ നടന്ന ഒരു പ്രണയ കഥയാണ് സീതാരാമം പറയുന്നത്. ഹാനു രാഘവപുഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖറെത്തുന്നത്. മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. ആരാധകരുടെ സ്നേഹത്തിന് നന്ദിയറിയിച്ച് ദുല്‍ഖര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.