ഭക്ഷ്യവിഭവങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുവാനുമുള്ള സാഹചര്യം നിലവിലുണ്ടെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: നല്ല ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷണത്തിലെ വൈവിദ്ധ്യത്തിന് കൂടി ഊന്നൽ നൽകണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദ്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇരുപത്തിയേഴാമത് കെ ജി ഒ എഫ് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുലയനാർകോട്ടയിലെ സർക്കാർ കെയർ ഹോമിൽ വച്ചായിരുന്നു ഉദ്ഘാടനം.

കേരളത്തിന് ആവശ്യമായ അരിയുടെ 80 ശതമാനവും അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. എന്നാൽ മറ്റു ഭക്ഷ്യവിഭവങ്ങൾ കൃഷി ചെയ്ത് എടുക്കുവാനും സ്വയംപര്യാപ്തത കൈവരിക്കുവാനുമുള്ള സാഹചര്യം ആണ് നിലവിൽ സംസ്ഥാനത്തുള്ളത്. പഴംപച്ചക്കറി, കിഴങ്ങുവർഗ്ഗവിളകൾ, ചെറുധാന്യങ്ങൾ എന്നിവ കൃഷി ചെയ്ത് ഭക്ഷണക്രമത്തിലെ വൈവിധ്യം വർധിപ്പിക്കുകയാണെങ്കിൽ അരിയാഹാരത്തിന്റെ ദൗർലഭ്യം ഏറെക്കുറെ പരിഹരിച്ച് ഭക്ഷ്യസുരക്ഷ നമുക്കുറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിക്കുന്ന ഭക്ഷണം വില്ലനായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സുരക്ഷിത ഭക്ഷണ ലബ്ധിക്കായി എന്തുകൊണ്ട് സ്വയം കൃഷി ചെയ്തു കൂടാ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ജീവനക്കാരുടെ കൂട്ടായ്മയെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. പുലയനാർകോട്ട വൃദ്ധ സദനത്തിലെ രണ്ട് ഏക്കർ സ്ഥലത്ത് വിവിധ പഴം പച്ചക്കറികളുടെ വിളകൾക്കുള്ള കൃഷിക്കു സമാരംഭം കുറിച്ചുകൊണ്ടാണ് കെജിഒഎഫ് ആഗസ്റ്റ് 10 സ്ഥാപക ദിനം ആഘോഷിച്ചത്. ഭക്ഷ്യസുരക്ഷയ്ക്കൊപ്പം സുരക്ഷിത ഭക്ഷണ ലഭ്യതയും ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനസർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കെജിഒഎഫ് സർക്കാർ കെയർ ഹോമിൽ കൃഷി നടത്തുവാൻ തീരുമാനിച്ചത് .

കെയർ ഹോമിൽ തരിശുകിടന്ന രണ്ട് ഏക്കർ സ്ഥലമാണ് വെട്ടിത്തെളിച്ച് വിവിധങ്ങളായ കാർഷികവിളകൾ കൃഷി ചെയ്യുവാൻ ആരംഭിച്ചിരിക്കുന്നത്. ഇതിനായി കെയർ ഹോമിൽ ഒരു കൃഷി ക്ലബും രൂപീകരിച്ചു. കെ ജി ഒ എഫ് സംസ്ഥാന പ്രസിഡന്റ് കെ. എസ്.സജികുമാർ, കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടറി ബിനു പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം മനു കെ ജി, കെയർ ഹോം സൂപ്രണ്ട് വി പ്രകാശ് കുമാർ, കൃഷി ക്ലബ്ബ് കൺവീനർ മുരളീധരൻ, ജില്ലാ സെക്രട്ടറി സുമൻ ബി എസ്, ജില്ലാ പ്രസിഡന്റ് വിഷ്ണു എസ് പി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.