ഇന്ത്യയിൽ 85 ശതമാനം കുട്ടികൾ സൈബറിടങ്ങളിൽ ബുള്ളിയിംഗ് നേരിടുന്നു; സർവ്വേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിൽ 85 ശതമാനം കുട്ടികൾ സൈബറിടങ്ങളിൽ ബുള്ളിയിംഗ് അഥവാ വിവിധ തരത്തിലുള്ള ആക്രമണങ്ങൾ നേരിടുന്നുവെന്ന് സർവ്വേ റിപ്പോർട്ട്. കംപ്യൂട്ടർ സോഫ്റ്റ്‌വ്വെയർ കമ്പനിയായ ‘McAfee’ ആണ് പത്ത് രാജ്യങ്ങളിൽ നിന്നായി വിവരങ്ങൾ ശേഖരിച്ച് സർവേ നടത്തിയത്. രാജ്യത്തെ 85 ശതമാനം കുട്ടികളും സൈബർ ബുള്ളിയിംഗ് നേരിടുന്നുവെന്നും ഇവരിൽ വലിയൊരു വിഭാഗം പേരും ഇത് തിരിച്ച് മറ്റുള്ളവരോട് ചെയ്യുകയും ചെയ്യുന്നതായി സർവേയിൽ വ്യക്തമാക്കുന്നു.

അതേസമയം, തങ്ങൾ സൈബർ ബുള്ളിയിംഗ് ആണ് ചെയ്യുന്നതെന്നോ അത്തരത്തിലുള്ള ആക്രമണമാണ് നേരിടുന്നതെന്നോ ഇവർ തിരിച്ചറിയണമെന്നില്ലെന്നും സർവേയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വംശീയത, ലൈംഗികാതിക്രമം, അസഭ്യം, ഭീഷണി എന്നിങ്ങനെയുള്ള ആക്രമണങ്ങളാണ് കുട്ടികൾക്ക് നേരിടേണ്ടി വരുന്നത്. ഇത്തരം ആക്രമണങ്ങൾ നേരിടുന്ന കുട്ടികളുടെ എണ്ണത്തിൽ മുൻനിരയിലുള്ള രാജ്യം ഇന്ത്യയാണെന്ന് സർവ്വേ റിപ്പോർട്ടിൽ വിശദീകരിച്ചു. ലോകത്തിൽ തന്നെ ഇത്തരത്തിൽ സൈബറിടങ്ങളിൽ കുട്ടികൾ അതിക്രമം നേരിടുകയും അത് ചെയ്യുകയും ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യയാണെന്നാണ് സർവേ നടത്തിയ’McAfee’യുടെ ചീഫ് പ്രോഡക്ട് ഓഫീസർ ഗഗൻ സിംഗ് അറിയിച്ചത്.

തങ്ങൾ സൈബറിടങ്ങളിൽ നിന്ന് നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് 45 ശതമാനം കുട്ടികളും മാതാപിതാക്കളോട് തുറന്ന് പറയുന്നില്ല. ഇത് കൂടുതൽ ആശങ്കപ്പെടുത്തുന്ന വിവരമാണ്. മാതാപിതാക്കൾക്ക് കുട്ടികളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ കൂടിയുള്ള അവസരം ലഭിക്കുന്നില്ലെന്നും സർവ്വേയിൽ പറയുന്നു.