ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ഒരു ദിവസം നേരത്തെ നടത്താന്‍ നീക്കം

സൂറിച്ച്: ലോകകപ്പിന്റെ ഉദ്ഘാടന മത്സരമായ ഖത്തര്‍-ഇക്വഡോര്‍ മത്സരം ഒരു ദിവസം നേരത്തെ നടത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ഫിക്‌സ്ചര്‍ പ്രകാരം നവംബര്‍ 21 ഖത്തര്‍ സമയം വൈകിട്ട് ഏഴ് മണിക്ക് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തര്‍-ഇക്വഡോര്‍ മത്സരം. ഈ മത്സരത്തിന് തൊട്ടുമുമ്ബ് ഉദ്ഘാടന ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം.

എന്നാല്‍, ഈ മത്സരത്തിന് മുമ്ബ് രണ്ട് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് സെനഗല്‍- നെതര്‍ലാന്റ്‌സ് മത്സരവും വൈകിട്ട് നാല് മണിക്ക് ഇംഗ്ലണ്ട് – ഇറാന്‍ മത്സരവും. ഇത് ഉദ്ഘാടന ചടങ്ങുകളുടെ പ്രാധാന്യത്തെ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് ഫിഫയും ഖത്തറും. ഉദ്ഘാടന മത്സരം നവംബര്‍ 20 ലേക്ക് മാറ്റിയാല്‍ ഈ പ്രശ്‌നം മറികടക്കാം. തങ്ങളുടെ മത്സരം നേരത്തെയാക്കാന്‍ ഖത്തറും ഫിഫയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫിഫ കൌണ്‍സില്‍ ബ്യൂറോയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.