ഓർഡിനൻസ് വിഷയത്തിൽ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ; മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും

തിരുവനന്തപുരം: ഓർഡിനൻസ് വിഷയത്തിൽ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണറെ നേരിട്ട് കണ്ട് സമവായ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസ് നീട്ടിക്കൊണ്ട് പോകാനും സർക്കാർ പദ്ധതിയിടുന്നു.

എന്നാൽ, വിഷയത്തിൽ ഇതുവരെ ഗവർണറുടെ ഭാഗത്ത് നിന്നും വിട്ടുവീഴ്ച്ച ഉണ്ടായിട്ടില്ല. ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

ഗവർണ്ണറെ പ്രകോപിപിതനാക്കിയ വിസി നിയമന ഭേദഗതി ഓർഡിനൻസിൽ നിന്നും തൽക്കാലം സർക്കാർ പിന്നോട്ടുപോയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത കാബിനറ്റിൽ ഓർഡിനൻസ് ഇറക്കാനായിരുന്നു നേരത്തെയുണ്ടാിരുന്ന ധാരണ. കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല പ്രതിനിധിയെയും ഉടൻ നിർദ്ദേശിച്ചേക്കാൻ സാധ്യതയുണ്ട്.

അതേസമയം, ലാപ്‌സായ ഓർഡിനൻസുകൾ ഒന്നുകിൽ ചെറിയ ഭേദഗതികളോടെ പുതുക്കി ഇറക്കാം. അല്ലെങ്കിൽ സഭാ സമ്മേളനം ചേർന്ന് ബിൽ പാസ്സാക്കാം. ഏതായാലും ഇതിൽ ഗവർണ്ണർ ഒപ്പുവെയ്‌ക്കേണ്ടതുണ്ട്.