ലോകകപ്പ്: 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ ഈ മാസം 11 മുതല്‍ 13 വരെ

ദോഹ: ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ രാജ്യത്തെ ഷോപ്പിങ് മാളുകളില്‍ ഈ മാസം 11 മുതല്‍ 13 വരെ നടക്കും. ഇതോടൊപ്പം തന്നെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരമുണ്ട്. ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ അവസരം. ഫണ്‍ ഗെയിമുകള്‍, വിവിധ പരിപാടികള്‍, തത്സമയ പ്രകടനങ്ങള്‍, ആരാധകര്‍ക്ക് ഫുട്ബോള്‍ കളിക്കാനുള്ള കഴിവുകള്‍ പരിശോധിക്കുക എന്നിവ മാളുകളില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിലുണ്ടാകും.

11-13 വരെ ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെയും പ്ലേസ് വിന്‍ഡോമില്‍ 12 മുതല്‍ രാത്രി 10 വരെയും മാള്‍ ഓഫ് ഖത്തറില്‍ 12.13 തീയതികളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയുമാണ് ആഘോഷങ്ങള്‍. 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളെടുത്ത് ‘100 ഡേയ്സ് ടു ഗോ’ എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം.

അതേസമയം ഫിഫ ഖത്തര്‍ ലോകകപ്പ് മത്സരം കാണാനായി ടിക്കറ്റ് വാങ്ങിയിട്ടും ഏതെങ്കിലും കാരണം കൊണ്ട് മത്സരം കാണാന്‍ സാധിക്കാത്തവരാണ് നിങ്ങളെങ്കില്‍ ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീ-സെയില്‍ പ്ലാറ്റ്ഫോമിലൂടെ ഇപ്പോള്‍ ടിക്കറ്റ് വില്‍ക്കാം. നേരത്തെ വാങ്ങിയ ടിക്കറ്റുകള്‍ വില്‍ക്കാനുള്ള സമയപരിധി ഈ മാസം 16 വരെയാണ്. 16ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് റീ സെയിലിനുള്ള അവസരം. ടൂര്‍ണമെന്റ് അടുക്കുമ്‌ബോള്‍ വീണ്ടും റീ-സെയില്‍ പ്ലാറ്റ്ഫോം തുറക്കുമെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. റീ-സെയില്‍ പ്ലാറ്റ്ഫോമിലൂടെ ടിക്കറ്റ് വിറ്റാല്‍ മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുക. റീ-സെയില്‍ പ്ലാറ്റ്ഫോമില്‍ സമര്‍പ്പിക്കുന്ന ടിക്കറ്റുകള്‍ വില്‍ക്കപ്പെടുമെന്നതിന് ഗ്യാരന്റി ഇല്ല. വില്‍പ്പനയ്ക്കായി സമര്‍പ്പിക്കുന്ന ടിക്കറ്റിന് മേല്‍ ഫിഫ ടിക്കറ്റിങ് അധികൃതര്‍ക്കാണ് പൂര്‍ണ വിവേചനാധികാരമുള്ളത്. ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് റീ-സെയില്‍ പ്ലാറ്റ്ഫോമിലൂടെ എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും വില്‍പ്പനയ്ക്ക് വെക്കാം. യഥാര്‍ത്ഥ ഉടമ സ്വന്തം ടിക്കറ്റും വില്‍പ്പനയ്ക്ക് വെക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതേ മത്സരത്തിനായി അയാള്‍ വാങ്ങിയ മറ്റെല്ലാ ടിക്കറ്റുകളും സമര്‍പ്പിക്കണം.