റോഡിലെ കുഴികളടയ്ക്കുന്നത് ചടങ്ങ് പോലെയാണെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കണമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: ദേശീപാതയിലെ കുഴികളടയ്ക്കുന്നതിലുള്ള നടപടിയില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

വി. മുരളീധരന്റെ വാക്കുകള്‍

‘റോഡില്‍ കുഴികളുണ്ടാകണമെന്ന നിലപാടില്ല. അതിനെ പിന്തുണയ്ക്കുന്ന ആളുമല്ല. കേരളത്തിലെ മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ കുഴി, കേരളത്തിന്റെ കുഴി എന്നിങ്ങനെയാണ്. പക്ഷേ ഞാന്‍ അങ്ങനെയൊരു വ്യത്യാസമായി കാണുന്നില്ല. റോഡിലെ കുഴികളടയ്ക്കുന്നത് ചടങ്ങ് പോലെയാണെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കണം. ഞാന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പല്ല അത്. വളരെ കാര്യക്ഷമതയോടെ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് നിതിന്‍ ഗഡ്കരി. കേരളത്തിനോട് അദ്ദേഹം ഒരു വിവേചനവും കാണിച്ചിട്ടില്ല. കേരളം ഭരിക്കുന്നവര്‍ തന്നെ പറയുന്നത് ഏറ്റവും നല്ല പരിഗണന കേരളത്തോട് കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്നാണ്. അപ്പോള്‍ പിന്നെ ആരാണ് അവഗണനയും വിവേചനവും കാണിക്കുന്നത്. ഇതെല്ലാം ഓരോ സന്ദര്‍ഭത്തിലെ സാഹചര്യം അനുസരിച്ച് മാറി മാറി നടത്തുന്ന രാഷ്ട്രീയപ്രസ്താവനകള്‍ മാത്രമാണ്. ഇതിന് പകരം പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. ഇതു സംബന്ധിച്ച് ഇന്ന് തന്നെ ദേശീയപാത അതോരിറ്റി ഉദ്യോഗസ്ഥന്‍മാരുമായി സംസാരിക്കുന്നുണ്ട്. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ പറയാം.’