മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം, ആശങ്ക വേണ്ട; പിണറായിക്ക് സ്റ്റാലിന്റെ കത്ത്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നല്‍കിയ കത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

കേരളത്തിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാം കൊണ്ടും അണക്കെട്ട് സുരക്ഷിതമാണ്. 2021ലെ കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള റൂള്‍ കര്‍വില്‍ വെള്ളം നിലനിര്‍ത്തും. ഓഗസ്റ്റ് ആദ്യവാരം അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ച മഴ താഴ്ഭാഗത്ത് ലഭിച്ച മഴയേക്കാള്‍ കുറവാണ്. ഓഗസ്റ്റ് നാലിന് അണക്കെട്ടിലെ ജലനിരപ്പ് 136 സെന്റീമീറ്റര്‍ ആയിരുന്നു. ഇതോടെ 7.40ന് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരം സര്‍ക്കാരിനെയും, ഇടുക്കി ജില്ലാ കളക്ടറെയും അറിയിച്ചു. ഇത് പ്രകാരം അഞ്ചാം തിയതി ഉച്ചയ്ക്ക് ഷട്ടറുകള്‍ തുറന്നു. കേരളത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ എന്നും ഞങ്ങളുടെ അണക്കെട്ട് സുരക്ഷാ അധികൃതര്‍ ശ്രദ്ധാലുക്കളാണ്. ഇവര്‍ അടിക്കടി സ്ഥിതിഗതികള്‍ കേരളത്തെ അറിയിക്കുന്നുണ്ട്- കത്തില്‍ ചൂണ്ടിക്കാട്ടുന്നു.