കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്താൻ കോൺഗ്രസ്; ഭാരത് ജോഡോ യാത്ര സെപ്തംബർ ഏഴിന് ആരംഭിക്കും

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സെപ്തംബർ ഏഴിന് ആരംഭിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസമാണ് പദയാത്ര നടത്തുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പദയാത്രയിൽ പങ്കെടുക്കും.

കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്ര നടത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിട്ടത്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കം. യാത്രയുടെ സംസ്ഥാന കോഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപിയാണ്.

ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ യോഗം ചേരുകയും ചെയ്തിരുന്നു.