ഓർഡിനൻസ് വിഷയത്തിൽ സർക്കാർ ഗവർണറുമായി ഏറ്റുമുട്ടലിനില്ല; ഇ പി ജയരാജൻ

തിരുവനന്തപുരം: ഓർഡിനൻസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിഷയത്തിൽ സർക്കാർ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണത്തിൽ സ്തംഭനാവസ്ഥയില്ലെന്നും സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രശ്നങ്ങളുണ്ടെങ്കിൽ പറഞ്ഞുതീർക്കും. ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറും. ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെയുള്ള 11 സുപ്രധാന ഓർഡിനൻസുകൾ ഗവർണർ ഒപ്പുവയ്ക്കാത്തതിനെത്തുടർന്ന് അസാധുവായ പശ്ചാത്തലത്തിലാണ് ഇ പി ജയരാജന്റെ പ്രതികരണം. അതേസമയം കോഴിക്കോട് മേയർ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത വിഷയത്തിലും ഇ പി ജയരാജൻ പ്രതികരിച്ചു. വിഷയം സിപിഐഎം ജില്ലാ കമ്മറ്റി പരിശോധിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമർത്ഥരായ കുറ്റവാളികളാണ് ആക്രമണം നടത്തിയത്. സമർത്ഥരായ ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.