സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപം സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കാലാവധി പൂര്‍ത്തിയാക്കി പത്തു വര്‍ഷം കഴിഞ്ഞിട്ടും പിന്‍വലിക്കാത്ത നിക്ഷേപമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലെയും 13,500 പ്രാഥമിക സഹകരണ സംഘങ്ങളിലെയും നിക്ഷേപമാണ് മാറ്റുന്നത്. അവകാശികള്‍ എത്തിയാല്‍ അവ പലിശ സഹിതം സംഘങ്ങള്‍ നല്‍കണം. ഇത് പിന്നീട് സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ചു നല്‍കും. ഇത്തരത്തിലാണ് വ്യവസ്ഥകള്‍ ക്രമീകരിക്കുക.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെയും, വാണിജ്യ ബാങ്കുകളിലെയും ഉടമസ്ഥരെത്താത്ത പണം ആര്‍ബിഐക്ക് കൈമാറണം. കേരള ബാങ്കും, അര്‍ബന്‍ സഹകരണ ബാങ്കുകളും മലപ്പുറം ജില്ലാ ബാങ്കും റിസര്‍വ് ബാങ്കിനാണ് പണം നല്‍കേണ്ടത്. എന്നാല്‍, മറ്റു സഹകരണ സംഘങ്ങളിലെ പിന്‍വലിക്കപ്പെടാത്ത പണം നിലവില്‍ അതത് സംഘങ്ങളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. അതേസമയം, നിക്ഷേപ ഗ്യാരന്റി രണ്ടില്‍ നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.