ഇരുപത്തിയെട്ട് കോടി ഇന്ത്യക്കാരുടെ പിഎഫ് വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഇരുപത്തിയെട്ട് കോടിയോളം ഇന്ത്യക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തി. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍), പേരുകള്‍, വൈവാഹിക നില, ആധാര്‍ വിശദാംശങ്ങള്‍, ജെന്‍ഡര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയതായാണ് ആഗസ്റ്റ് ഒന്നിന് യുക്രെയ്‌നില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

യുഎഎന്‍ എന്ന് വിളിക്കപ്പെടുന്ന സൂചികകള്‍ അടങ്ങിയ രണ്ട് വ്യത്യസ്ത ഐപി ക്ലസ്റ്ററുകള്‍ ആഗസ്റ്റ് രണ്ടിന് ഡയചെങ്കോ കണ്ടെത്തി. ഇവ അവലോകനം ചെയ്തപ്പോള്‍, ആദ്യത്തെ ക്ലസ്റ്ററില്‍ 280,472,941 റെക്കോര്‍ഡുകളും രണ്ടാമത്തെ ഐപിയില്‍ 8,390,524 റെക്കോര്‍ഡുകളും അടങ്ങിയിരിക്കുന്നതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍, വിവരങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ല. രണ്ട് ഐപി വിലാസങ്ങളും മൈക്രോസോഫ്റ്റിന്റെ അസൂര്‍ പ്ലാറ്റ്ഫോമില്‍ ഹോസ്റ്റ് ചെയ്തതും ഇന്ത്യ അടിസ്ഥാനമാക്കിയുള്ളവയുമാണെന്ന് മനസിലായിട്ടുണ്ട്. എന്നാല്‍, റിവേഴ്‌സ് ഡിഎന്‍എസ് വിശകലനം വഴി മറ്റ് വിവരങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

പി.എഫ് അക്കൗണ്ടിലേക്ക് ആക്സസ് ചെയ്യാനായി ഹാക്കര്‍മാര്‍ ഡാറ്റ ദുരുപയോഗം ചെയ്തിരിക്കാം എന്നാണ് വിലയിരുത്തുന്നത്. പേര്, ലിംഗഭേദം, ആധാര്‍ വിശദാംശങ്ങള്‍ തുടങ്ങിയ ഡാറ്റയും വ്യാജ ഐഡന്റിറ്റികളും ഉപയോഗിച്ച് രേഖകള്‍ സൃഷ്ടിച്ചിരിക്കാമെന്നും നിഗമനമുണ്ട്.