കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഓണക്കിറ്റ് നൽകുമെന്നും പ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയുടെ നയമായി ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം? സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റ എലക്‌സിയുമായി ഒപ്പ് വച്ച് 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

കാക്കനാട് 2 ഘട്ടങ്ങളിലായി 1200 കോടി രൂപ നിക്ഷേപമുള്ള, 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിക്ക് ടി സി എസുമായി ഒപ്പുവച്ചു. ദുബായ് വേൾഡ് എക്‌സ്‌പോയിൽ പങ്കെടുത്തതിലൂടെയും നിക്ഷേപങ്ങൾ കേരളത്തിലേക്ക് വന്നു. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 2220 ഏക്കർ ഭൂമിയുടെ 70% ഭൂമി 10 മാസം കൊണ്ട് ഏറ്റെടുത്തു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളാരംഭിക്കുന്നതിനായി ആരംഭിച്ച സംരംഭക വർഷം പദ്ധതിയിൽ മൂന്നര മാസം കൊണ്ട് (ജൂലായ് 21വരെ) 42372 സംരംഭങ്ങളാരംഭിച്ചു. നാല് ശതമാനം പലിശയ്ക്കാണ് പദ്ധതിയിൽ വായ്പ നൽകുന്നത്. 3 ലക്ഷം മുതൽ 4 ലക്ഷം വരെ തൊഴിൽ ലഭ്യമാകും.

കോവിഡ് കാരണം പ്രതിസന്ധിയിലായ എം എസ് എം ഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കി. 50 കോടിയിൽ അധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകുകയാണ്. 50 കോടി രൂപ വരെയുള്ള വ്യവസായങ്ങൾക്ക് അതിവേഗ അനുമതി നൽകുന്നതിന് കെസ്വിഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്. സംരംഭകരുടെ പരാതികളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കും. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനായി കേന്ദ്രീകൃത പരിശോധനാ സംവിധാനം(കെസിസ്) നിലവിൽ വന്നു. വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനും നടപടി ക്രമങ്ങളും ലഘൂകരിക്കുന്നതിനുമുള്ള നടപടികൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതൽ നിക്ഷേപം ആകർഷിക്കുക, പുത്തൻ സംരംഭങ്ങൾ കൊണ്ടുവരിക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം പ്രതീക്ഷിച്ച നിലയിൽ തന്നെ മുന്നേറുകയാണ്. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രക്ക് കീഴിലുള്ള 5 പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഏകീകൃത ലാൻറ് അലോട്ട്‌മെൻറ് പോളിസിയുടെ കരട് അംഗീകരിച്ചു. പ്രഖ്യാപനം ഉടനെ നടത്തും. 2021 – 2022 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തുടനീളം വ്യാവസായിക വായ്പ അനുവദിക്കുന്നതിലും തൊഴിൽ നൽകുന്നതിലും കെഎസ്‌ഐഡിസി റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിക്കാനും 20,900 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞത് കിൻഫ്രയുടെ നേട്ടമാണ്. ഇൻഫോപാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ കം ട്രേഡ് ആൻറ് കൺവെൻഷൻ സെൻറർ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനു സർക്കാർ എല്ലാ സഹായവും നൽകും. ഈ പാർക്കുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഏക്കറിന് 30 ലക്ഷം വരെ നൽകും. ഒരു എസ്റ്റേറ്റിന് പരമാവധി 3 കോടി രൂപ വരെയാണ് ഇങ്ങനെ നൽകുക. ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോർഡബിൾ ടാലൻറ് വിഭാഗത്തിൽ നമ്മുടെ സംസ്ഥാനം ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയത് നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ട് അപ്പ് ഹബ്ബായി നമ്മുടെ നാട് മാറ്റാനാണ് ശ്രമിക്കുന്നത്.

ഇവിടെ എല്ലാം തികഞ്ഞു എന്നല്ല ഈ പറഞ്ഞതിൻറെ അർഥം. നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. കൂടുതൽ മികച്ച മാതൃകകൾക്കായി നമുക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കാം. ലോകത്താകെ മറ്റു രാജ്യങ്ങളിലും തിരയാം. അവർ നടത്തുന്ന നല്ല കാര്യങ്ങളെ സ്വാംശീകരിക്കാം. ഇവിടെ അനുയോജ്യമായതും സാധ്യമായതും ഇവിടെ ചെയ്യാം. അതിന് എല്ലാവരുടെയും പിന്തുണ വേണം. ആ പിന്തുണ നൽകുന്നതിന് പകരം ചില ഘട്ടങ്ങളിലെങ്കിലും പ്രത്യേക നശീകരണ മനോഭാവം കാണിക്കുകയും ചെയ്യുന്ന സമീപനം ചില കേന്ദ്രങ്ങളിൽ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം എന്നാണ് അത്തരക്കാരോട് അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പിടിമുറുക്കിയ കാലയളവിലാണ് സർക്കാർ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യപനത്തെ തുടർന്ന് ജീവനോപാധികൾ നഷ്ടമായവർ ഉൾപ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യ കിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപനശേഷി കുറഞ്ഞതോടു കൂടി കിറ്റ് വിതരണം അവസാനിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണം നടത്തിയിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും ഈ വർഷവും ഓണകിറ്റ് നൽകുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തവണ 14 ഇനങ്ങൾ (തുണി സഞ്ചി ഉൾപ്പെടെ) ഉൾപ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന വകയിൽ സർക്കാരിന് 425 കോടി രൂപയുടെ ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയിൽ 5500 കോടി രൂപയുടെ ചെലവുണ്ടായി.

ഇത്തരത്തിൽ ജനക്ഷേമത്തിനും സമഗ്രമായ വികസനത്തിനുമായി സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ അതിനു തടസ്സമാകുന്ന നിലയിൽ ഉയരുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട് എന്ന് കരുതുന്നു. സംസ്ഥാനത്തിന്റെ വായ്പാപരിധിക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം കേന്ദ്രം നടത്തുകയാണ്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുക്തമല്ല. സാമ്പത്തിക ഉത്തേജനത്തിന് സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തേണ്ട ഘട്ടമാണിത്. പ്രത്യേകിച്ച്, മൂലധന ചെലവുകളുടെ കാര്യത്തിൽ. കേരളം ധന ദൃഡീകരണത്തിന്റെ പാതയിൽ വരുന്ന അവസരത്തിലാണ് 2020ൽ കോവിഡ് സാഹചര്യം ഉയർന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധന, റവന്യൂ കമ്മി ഉയരുന്ന അവസ്ഥയുമുണ്ടായി. കേരളത്തിൻറെ ധനക്കമ്മി 2020-21 ൽ ആഭ്യന്തരവരുമാനത്തിൻറെ 9 ശതമാനം കടന്നു. കേരളത്തിൻറെ ധനക്കമ്മി 4.25 ശതമാനത്തിലുമെത്തി. 2019-20 ൽ കേരളത്തിൻറെ ധനക്കമ്മി 3 ശതമാനത്തിൽ താഴെയായിരുന്നു.

മൂലധന ചെലവുകൾക്കായി റവന്യൂ വരുമാനത്തിൻറെ നിശ്ചിതശതമാനം നീക്കി വച്ച് കിഫ്ബി വഴി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാന സർക്കാർ നയത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകൾ കീഫ്ബി യുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിൻറെ കടമായി വ്യഖ്യാനിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 293 ന് വിരുദ്ധമാന്നെന്ന് നിയമവിദഗ്ദർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിഫ്ബി എടുക്കുന്ന വായ്പാ തുക സംസ്ഥാന സർക്കാരിൻറെ കടമായി കണക്കാക്കുന്ന കേന്ദ്ര സമീപനം തെറ്റാണ്. ഇത് സർക്കാർ ഗ്യാരൻറിയുള്ള വായ്പയാണ്. സർക്കാർ എടുക്കുന്ന കടമല്ല. ഈ കാരണം പറഞ്ഞ് സംസ്ഥാന സർക്കാരിൻറെ കമ്പോള വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടിയിൽ നിന്നും പിന്തിരിയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസന , സാമൂഹ്യക്ഷേമ നടപടികളെ തകർക്കാനുള്ള ശ്രമമാണ് വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നടപടികൾ. അവശ്യസാധനങ്ങളുടെ വിലവർധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവർധന പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവർധനയ്ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വർധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വർധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാട്. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉൽപ്പാദകരും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറുൽപ്പന്നങ്ങൾക്കുമടക്കം ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും ജിഎസ്ടി നിരക്കുകൾ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.