അന്ന് ഗോൾവൾക്കർ തൊട്ടുകൂടാത്തവനായിരുന്നില്ല; ചിത്രങ്ങൾ പുറത്തുവിട്ട് സംഘപരിവാർ സംഘടനകൾ

തിരുവനന്തപുരം: 2006-ൽ പറവൂരിൽ ആർഎസ്എസ് പരിപാടിയിൽ വി ഡി സതീശൻ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് സംഘപരിവാർ സംഘടനകൾ. ഗോൾവൾക്കറിന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തുന്ന ചിത്രമാണ് സംഘപരിവാർ സംഘടനകൾ പുറത്തുവിട്ടത്. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്‌കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിതെന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. കെഎൻഎ ഖാദറിനെ വിമർശിച്ച സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ ആർഎസ്എസിനെ ആക്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപി നേതാവ് സദാനന്ദൻ മാസ്റ്ററും ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന വി ഡി സതീശന്റെ ചിത്രം പുറത്തുവിട്ടിരുന്നു. 2013-ൽ ആർഎസ്എസ് പരിപാടിയിൽ വി.ഡി സതീശൻ പങ്കെടുക്കുന്ന ചിത്രമാണ് അദ്ദേഹം പുറത്തുവിട്ടത്. ചില ഓർമ്മച്ചിത്രങ്ങൾ ഇവിടെ പങ്കുവെയ്ക്കട്ടെ, ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാൻ ഉപകരിക്കുമെന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സദാനന്ദൻ മാസ്റ്റർ വ്യക്തമാക്കിയത്. വി ഡി സതീശനെതിരെ ആർ.എസ്.എസ് നോട്ടീസയച്ചിട്ടുണ്ടെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.

ആർ വി ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്‌കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്.

അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു.

ഉദരനിമിത്തം ബഹുകൃത വേഷം.