ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിലെ ഒത്തുതീര്‍പ്പ് ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. ബിനോയ് കോടിയേരിയും പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയും കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കുന്നു. എന്നാല്‍, അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍. ഭോര്‍ക്കര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ക്കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചപ്പോള്‍, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍ക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വ്യക്തമാക്കി.

അതേസമയം, യുവതി നല്‍കിയ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയ് കോടതിയില്‍ ഇതുവരെ വാദിച്ചത്. ഹൈക്കോടതിയല്‍ സമര്‍പ്പിച്ച ഡി.എന്‍.എ. പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.