ചെന്നൈ: പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്റെ പേരില്‍ നിയമനടപടി ആരംഭിച്ചതിന് പിന്നാലെ പരമശിവന്റെയും പാര്‍വതിയുടെയും വേഷമിട്ടവര്‍ പുകവലിക്കുന്ന ചിത്രവും പങ്കുവെച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖല. ഇത് തന്റെ സിനിമയിലെ രംഗമല്ലെന്നും ഇന്ത്യന്‍ ഗ്രാമങ്ങളിലെ നാടന്‍ കലാകാരന്മാരുടെ ജീവിതമാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ചിത്രം പങ്കുവച്ചത്.
തന്റെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് വിവാദം തുടങ്ങിയത്. കാളീദേവിയുടെ വേഷമിട്ട ഒരു സ്ത്രീ പുകവലിക്കുന്ന ദൃശ്യമായിരുന്നു പോസ്റ്ററില്‍. ഹിന്ദുദൈവങ്ങളെ അവഹേളിച്ച ലീനയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരണം തുടങ്ങുകയും പരാതിയെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ് സര്‍ക്കാരുകള്‍ ലീനയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്റെ പരാതിയെത്തുടര്‍ന്ന് ടൊറന്റോയിലെ ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഒഫ് കാനഡ മേളയില്‍ നിന്ന് ഈ ഡോക്യുമെന്ററി ഒഴിവാക്കുകയും ചെയ്തതോടെ പരമശിവന്റെയും പാര്‍വതിയുടെയും വേഷമിട്ടവര്‍ പുകവലിക്കുന്ന ചിത്രം ലീന പങ്കുവെക്കുകയായിരുന്നു.

