സ്വപ്നയെ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചനയെന്ന് കെ.ടി ജലീല്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മാനസിക പ്രശ്‌നങ്ങള്‍ ഉള്ള പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി നൗഫല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ.ടി.ജലീല്‍ പറഞ്ഞു. നൗഫലിന്റെ കുഞ്ഞിന്റെ ചികിത്സക്ക് ഫിറോസ് കുന്നുംപറമ്പില്‍ സഹായിച്ചതും ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ ആരോപണം.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകര്‍. നൗഫലിന്റെ കുട്ടിയുടെ ലിവര്‍ ട്രാന്‍സ്‌പ്ലേന്‍ഡേഷന് പണം സ്വരൂപിച്ച് നല്‍കിയത് ഫിറോസ് കുന്നുംപറമ്പില്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പിക്കാന്‍ നൗഫലിന്റെ സഹോദരന്‍ നിസാര്‍ ദിവസങ്ങളോളം തവനൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകള്‍ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെ. വോയ്‌സ് ക്ലിപ്പ് ശ്രദ്ധിച്ചാല്‍ മറ്റാരോ അദ്ദേഹത്തിന് നിര്‍ദ്ദേശം കൊടുക്കുന്നത് മനസ്സിക്കാം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം.